മദ്യാക്ഷരി - m a d y a k s h a r i

Thursday, June 7, 2007

ടെക്വില


മെക്സിക്കോയിലെ ദേശീയ പാനീയമായ ഈ സുന്ദരക്കുട്ടപ്പന്‍ നമുക്കിന്ന് വളരെ പരിചിതമാണല്ലോ. പതിനാറാം നൂറ്റാണ്ടിലാണു ടെക്വില നിര്‍മാണം മെക്സിക്കോയില്‍ വ്യാപകമായത്. സ്പാനിഷ് അധിനിവേശക്കാലത്ത് ബ്രാണ്ടിക്കും വൈനിനുമെല്ലാം ക്ഷാമം നേരിട്ടപ്പോള്‍ അഗാവെ എന്ന മരത്തില്‍ നിന്ന് വാറ്റുന്ന ഈ മദ്യത്തിനു മെക്സിക്കോയില്‍ പ്രിയമേറി!

ഈ മദ്യം നിര്‍മ്മിക്കാനുപയോഗിക്കുന്ന ബ്ലൂ അഗാവേ എന്ന മരം മെക്സിക്കോയില്‍ ഇപ്പോള്‍ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നുണ്ടത്രേ. എങ്കിലും വിരലിലെണ്ണാവുന്ന സ്ഥലങ്ങളില്‍ മാത്രമാണു ടെക്വില നിര്‍മാണം നടക്കുന്നത്. ടെക്വിലയുടെ ഗുണ നിലവാരം നില നിര്‍ത്താനാണീ നിയന്ത്രണം.

ടെക്വില കഴിക്കുന്നതിന്റെ 'ശാസ്ത്രീയത' ഇനി പറയാം.

ഒരു ചെറിയ ഗ്ലാസില്‍ ടെക്വില എടുക്കണം. ഗോള്‍ഡന്‍ ടെക്വിലയാണു നല്ലത്. (പഴക്കമനുസരിച്ച് ടെക്വിലയെ പലതായി തരം തിരിച്ചിട്ടുണ്ട്- ഗോള്‍ഡന്‍, വൈറ്റ്, റെസ്റ്റഡ്, ഏജ്‌ഡ്‌, എക്സ്ട്രാ ഏജ്‌ഡ് എന്നിങ്ങനെ. ഗോള്‍ഡന്‍ എന്നാല്‍ തീരെ പഴക്കമില്ലാത്തത്. എക്സ്ട്രാ ഏജ്‌ഡ് എന്നാല്‍ ഒന്നു മുതല്‍ മൂന്നു വരെ വര്‍ഷം പഴക്കമുള്ളത്). അല്‍പ്പം ഉപ്പ്, ചെറുനാരങ്ങയുടെ ഒരു കഷ്‌ണം എന്നിവ കൂടി എടുക്കണം. എന്നിട്ട് കൈയിലെ പെരുവിരലിന്റെ മുകള്‍ ഭാഗം ചെറുതായി നനക്കുക (എളുപ്പത്തിനായി ഇവിടം നക്കിയെടുക്കാം!). ഇവിടെ നനവു പറ്റിയിടത്ത് അല്പം ഉപ്പ് പറ്റിച്ചു വെക്കണം. ഈ ഉപ്പ് വീണ്ടും നക്കിയെടുക്കുക. ശേഷം ഗ്ലാസിലെ ടെക്വില സിപ്പ് ചെയ്ത് ആസ്വദിക്കുക (ഒറ്റ സിപ്പിനുള്ളത് മാത്രം കൊള്ളുന്ന ഗ്ലാസ് ടെക്വിലയുടെ കോര്‍പറേറ്റ് ഐഡന്റിറ്റിയാണ് ). പിന്നീട് ചെറുനാരങ്ങയുടെ കഷ്‌ണം അല്‍പ്പം കടിച്ച്, പെരു വിരലിനു മുകളിലെ ഉപ്പു വീണ്ടും നുണഞ്ഞ് ടെക്വില സിപ്പ് ചെയ്ത് ഈ സൈക്കിള്‍ ആവര്‍ത്തിക്കണം- ഇതാണു സര്‍വ്വ സാധാരണമായ രീതി.

പച്ചക്ക് കഴിക്കാവുന്ന മദ്യമാണു ടെക്വില. എങ്കിലും സ്വാദിഷ്ടമായ പല കോക്‌ടെയിലുകളും ടെക്വില ഉപയോഗിച്ച് സാധ്യമാണു. ചിലത് താഴെ പറയാം.

ടര്‍ ബോ:

ടെക്വില, വോഡ്‌ക, നിങ്ങള്‍ക്കിഷ്ടമുള്ള ഒരു പഴച്ചാര്‍ എന്നിവയെടുക്കുക. ഒരു കോക്‌ടെയില്‍ മിക്സറില്‍ ഇവ ചേര്‍ത്ത് പൊടിച്ച ഐസും ചേര്‍ത്ത് നന്നായി ഷേക്ക് ചെയ്യണം. നീളമുള്ളൊരു ഗ്ലാസ്സിലൊഴിച്ച് 'ചൂടോടെ' ഉപയോഗിക്കണം.

ജിറാഫ്:

ചേരുവ: ടെക്വില, മുന്തിരി ജ്യൂസ്, രണ്ട് ഐസ് ക്യൂബ്.

ഗ്ലാസില്‍ ടെക്വില പകര്‍ന്ന് ഐസ് ക്യൂബുകളിട്ട ശേഷം പതുക്കെ പതുക്കെ ഇളക്കുക. നന്നായി അലിഞ്ഞതിനു ശേഷം മുന്തിരി ജ്യൂസ് ചേര്‍ക്കണം. ജിറാഫ് റെഡി!

പൈനാപ്പിള്‍ ലീപ്:

ചേരുവകള്‍: ടെക്വില (1.25 ഭാഗം), പൈനാപ്പിള്‍ ജ്യൂസ് (2 ഭാഗം) ചെറുനാരങ്ങാ നീരു (1 ഭാഗം), മാതള നീരു (കാല്‍ ഭാഗം), ഐസ് പൊടിച്ചത് (ആവശ്യത്തിന്)

എല്ലാ ചേരുവകളും കോക്‌ടെയില്‍ മിക്സറില്‍ ചേര്‍ത്ത് നന്നായി ഷേക്ക് ചെയ്യുക. ശേഷം ഉടനെയെടുത്തുപയോഗിക്കണം.